ഇത് കുളത്തൂപ്പുഴ സ്വദേശി വനജാക്ഷിയമ്മ.33 വർഷം മുമ്പ് ഏക മകൻ മരിച്ചു. പിന്നീട് ഭർത്താവും. വാർദ്ധക്യത്തിൽ അടച്ചുറപ്പുള്ള ഒരു വീടായിരുന്നു ഈ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. അങ്ങനെ ഇരിക്കെയാണ് ലൈഫ് മിഷൻ പദ്ധതിയിൽ പെടുത്തി പഞ്ചായത്തിൽ നിന്ന് വീട് അനുവദിച്ചത്. ആരും തുണയില്ലാത്ത വൃദ്ധയ്ക്ക് ഒറ്റയ്ക്ക് വീട് പണി പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ ഒരു കോൺട്രാക്ടറെ അവർ വീട് പണി ഏൽപ്പിച്ചു. ഏറ്റവും ഒടുവിലാണ് താൻ അതിക്രൂരമായി പറ്റിക്കപ്പെട്ടു എന്ന് ഈ വൃദ്ധ മനസ്സിലാക്കുന്നത്. പഞ്ചായത്തിൽ ഇതേ തുക ചെലവഴിച്ച് നിർമ്മിച്ച വീടുകളിൽ എല്ലാ സൗകര്യങ്ങളും ഉള്ളപ്പോൾ വനജാക്ഷി അമ്മ ഇപ്പോഴും ദുരിതം പേറുകയാണ്. കോൺട്രാക്ടർ അത്ര ക്രൂരമായാണ്, നിന്ദ്യമായാണ് ഈ വൃദ്ധയെ പറ്റിച്ചത്. വീടിൻറെ തറയിൽ സിമന്റിട്ടത് എല്ലാം ഇളകി പൊടി പറന്നു കിടക്കുന്നു. ചെത്തി തേക്കാത്ത ചുമരുകൾ. പേരിന് ഒരു കക്കൂസ്.അടുക്കളയിൽ അടക്കം യാതൊരുവിധ നിർമ്മാണ പ്രവർത്തികളും കൃത്യമായി ചെയ്തിട്ടില്ല. കട്ടളകൾ വിണ്ടുകീറി ഇരിക്കുന്നു. ഏതുനിമിഷവും നിലംപൊത്താവുന്ന തരത്തിൽ തട്ടിക്കൂട്ടി നിർമ്മിച്ച ഒരു വീട് എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയു. ആരും തുണയില്ല എന്ന് അറിഞ്ഞു തന്നെയാകും ഇവരെ ആ കോൺട്രാക്ടർ പറ്റിച്ചത്.
ജീവിതത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിച്ച ആളാണ് വനജാക്ഷി അമ്മ. മകൻറെ വിയോഗത്തോടെ ഏറെ തകർന്നു പോയ അവർ ഭർത്താവിൻറെ മരണത്തോടെ പൂർണ്ണമായും ഒറ്റപ്പെട്ടു. ഒരിക്കൽ ഭർത്താവിൻറെ കുഴിമാടത്തിനരികെ ഇരിക്കുമ്പോഴാണ് ആദ്യമായി ഒരു കവിത എഴുതുന്നത്. ഇപ്പോഴും നിത്യവും രാത്രി എട്ടരയ്ക്ക് അവർ അത് മനോഹരമായി ചൊല്ലും. തന്നെ വിട്ടുപോയ ഭർത്താവിനെ സ്മരിക്കാൻ നാടൻപാട്ടുകളും സ്വന്തമായി എഴുതി ഉണ്ടാക്കിയ കവിതകളും ഒക്കെ വളരെ മനോഹരമായാണ് ഈ അമ്മ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ പുറംലോകം അറിഞ്ഞിരുന്നെങ്കിൽ ഏറെ പ്രശസ്തി ഇവരെ തേടിയെത്തുമായിരുന്നു. അത്രമാത്രം ആലാപന മികവാണ് വനജാക്ഷി അമ്മയ്ക്ക് ഉള്ളത്. പലതവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട് എന്ന് ഈ വൃദ്ധ പറയുന്നു. ആറിന് അടുത്ത് വരെ പോയിട്ടുണ്ട്. പക്ഷേ പിന്നെയും എന്തോ ഒരു പിൻവിളി … ഏതാണ്ട് ഒറ്റപ്പെട്ട നിലയിൽ ഏത് നിമിഷവും തകർന്നുവീഴാവുന്ന വീട്ടിൽ ദുരിതമനുഭവിക്കുകയാണ് ഈ അമ്മ. ഇവരെ പറ്റിച്ച കോൺട്രാക്ടറെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പഞ്ചായത്ത് അധികൃതർ മുൻകൈയെടുക്കണം.ഇവർക്ക് വീട് പണി പൂർത്തിയാക്കി നൽകണം
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ