വളി വിട്ടതിന് ഒരു പാവം മനുഷ്യനെ പോലീസ് തല്ലിച്ചതച്ചത് പുനലൂരിലാണ്. തൊട്ടടുത്ത കൊട്ടാരക്കര വാളകത്ത് നിന്ന് വരുന്ന വാർത്ത മറ്റൊന്നാണ്. ഉണക്കക്കപ്പ ഫ്രീയായി കൊടുക്കാത്തതിന് സീരിയൽ താരത്തെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു. കേരള പോലീസിന് മുഴുവൻ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് വാളകത്ത് നടന്നത്.
സീരിയൽ നടൻ രാജേഷ് കുമാർ ആണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.പൊലീസ് വാഹനത്തിൻറെ ഇൻഡിക്കേറ്റർ തകരാറിലായത് ചോദ്യം ചെയ്തതാണ് ശത്രുതയുടെ തുടക്കമെന്ന് രാജേഷ് കുമാർ പറയുന്നു… പൊലീസ് ജീപ്പിൻറെ വലതുവശത്തെ ഇൻഡിക്കേറ്റർ എപ്പോഴും കത്തിക്കിടക്കും. ഇത് കണ്ട് തെറ്റിദ്ധരിച്ച് വാഹനം ഒതുക്കി കൊടുത്തപ്പോൾ ഹോം ഗാർഡ് മൈക്കിട്ട് കയറാൻ എത്തി. ഇവിടുത്തെ ഹോം ഗാർഡിന് ആണെങ്കിൽ എസ്പിയെക്കാൾ പവറാണ്. പോലീസ് പരിശോധനയ്ക്ക് വരുമ്പോൾ പോലീസിലും മുന്നിട്ടുനിൽക്കുന്നത് ഹോം ഗാർഡ് ആണത്രേ.
അടുത്ത ദിവസം രാജേഷ് കുമാറും ഭാര്യയും കൂടി വാളകത്തെ കടയിൽ കപ്പ വിൽക്കാനായി ചെന്നപ്പോൾ പോലീസ് പിടിക്കാൻ ഉദ്ദേശിച്ച് കാത്തുനിൽക്കുകയായിരുന്നു എന്ന് ഇവർ പറയുന്നു. ഇവർ ചെല്ലുമ്പോൾ തന്നെ പോലീസ് എല്ലാം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് ഉണക്കക്കപ്പ ഫ്രീയായി ചോദിച്ചു. 300 രൂപ മൊത്തം വിലവരും എന്നതിനാൽ പണം തരാതെ നൽകാനാകില്ല എന്ന് രാജേഷ് പറഞ്ഞു. ഇതോടെ ഒന്നും രണ്ടും പറഞ്ഞുണ്ടായ തർക്കത്തിനിടയിൽ കാറിൻറെ താക്കോൽ ഒടിയുകയും രാജേഷ് കുമാറിന്റെയും എസ് ഐ ബിജുവിന്റെയും കൈക്ക് ചെറിയ മുറിവുണ്ടാകുകയും ചെയ്തു.
ആശുപത്രിയിലേക്ക് എന്നു പറഞ്ഞ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം രാജേഷിനെ പിന്നെ ജയിലിൽ അടയ്ക്കുകയായിരുന്നു. ഡോക്ടറെ സ്വാധീനിച്ച് വ്യാജ സർട്ടിഫിക്കറ്റും പോലീസ് തരപ്പെടുത്തിയെന്ന് രാജേഷ് കുമാർ പറയുന്നു. കൊട്ടാരക്കര സിഐക്ക് എതിരെയും ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. മനുഷ്യാവകാശ സംഘടന പ്രവർത്തകൻ വിളിച്ച് കാറിന്റെ താക്കോൽ ഊരിയെടുത്തത് സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് പോലീസുകാരനെ ആക്രമിച്ചു എന്ന് സിഐ കേസുണ്ടാക്കിയത്. എന്തായാലും രാജേഷ് കുമാറിന് നേരിട്ട ഈ കടുത്ത അനീതിക്കെതിരെ ശക്തമായ പോരാട്ടത്തിലാണ് മനുഷ്യാവകാശ സംഘടനകളും നാട്ടുകാരും.
വീഡിയോ മുഴുവൻ ആയി കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ