രാവും പകലുമെല്ലാം വെള്ളത്തിൽ കഴിയുക. അതും ആറ്റിലെ ചെളിവെള്ളത്തിൽ… ശത്രുക്കൾക്കു പോലും ഈ അവസ്ഥ വരരുതേയെന്നാണ് കണ്ണൻ എന്നു പറയുന്ന യുവാവിനെ കാണുന്നവർ എല്ലാം പ്രാർത്ഥിച്ചിട്ടുണ്ടാവുക. അൽപം പോലും ചൂട് സഹിക്കാൻ കഴിയില്ല എന്നതാണ് ഈ യുവാവിന്റെ പ്രശ്നം. കുട്ടിക്കാലം മുതൽ ഈ രോഗമുണ്ട്. വെയിൽ കൊണ്ടാൽ തൊലി പൊട്ടിയിളകും. പഴുത്ത് വ്രണമാകും. ചെയ്യാത്ത ചികിത്സകളില്ല. പോകാത്ത ആശുപത്രികളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ ഒത്തിരി ചെയ്തു. എന്നാൽ കഴിഞ്ഞ 20 വർഷമായി ആറ്റിൽ തന്നെ കഴിയുകയാണ് ഈ ചെറുപ്പക്കാരൻ.
രാത്രിയിലും വെള്ളത്തിൽ തന്നെയാണ് കിടക്കുന്നത്. മൂത്ത സഹോദരി മാത്രമാണ് ഉള്ളത്. സമയാസമയം ആഹാരം ആറ്റിൽ എത്തിച്ച് നൽകുന്നത് അവരാണ്. പണിക്ക് പോയി സഹോദരനെ പൊന്നുപോലെ നോക്കുകയാണ് ഈ യുവതി.
ഭക്ഷണം കൊണ്ടുവരുമ്പോൾ ഓടിവന്ന് കഴിച്ച് ഞൊടിയിടയ്ക്കുള്ളിൽ കണ്ണൻ വീണ്ടും വെള്ളത്തിലിറങ്ങിക്കിടക്കും. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം ദേഹത്ത് ഒഴിച്ച് തണുപ്പിച്ച് കൊടുക്കണം. അതീവ ദുരിതമാണ് ഈ യുവാവ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
സ്കൂളിൽ പോലും പോകാൻ ആയിട്ടില്ല. വെളളത്തിലെ ജീവികളെയൊന്നും ഇപ്പോൾ പേടിയില്ല. രാത്രി ആറ്റിൽ കഴിയുന്നതിനും ഭയമില്ല. അതിലൊക്കെ വലുതാണ് ദേഹത്ത് ചൂടു കൊള്ളുമ്പോൾ ഇയാൾ അനുഭവിക്കുന്ന വേദന. മറ്റ് ആർക്കും ഈ ഗതി വരാതിരിക്കാൻ പ്രാർത്ഥിക്കാം