നമ്മുടെ നാട്ടിൽ 75 വയസുള്ളവരൊക്കെ അവശരായ വൃദ്ധരാണ്. എന്നാൽ പത്തനംതിട്ട ജില്ലയിലെ കുഞ്ഞിപ്പെണ്ണ് എന്ന 75കാരിയുടെ ജോലി കണ്ടാൽ ആരും ഒന്ന് ഞെട്ടും. പുരുഷന്മാർക്ക് മാത്രം ആധിപത്യമുള്ള ഒരു മേഖലയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് നാട്ടുമ്പുറത്തുകാരിയായ ഈ സ്ത്രീ. ഒരുപക്ഷേ കേരളത്തിൽ കിണർ കുഴിക്കുന്ന ഏക സ്ത്രീ കുഞ്ഞിപ്പെണ്ണ് ആയിരിക്കും. 30 അടി താഴ്ചയുള്ള കിണർ ഒക്കെ വളരെ നിഷ്പ്രയാസം ആണ് കുഞ്ഞിപ്പെണ്ണ് കുഴിക്കുക. ഇതുവരെ കുഴിച്ചതിൽ ഏറ്റവും ആഴമുള്ളത് 80 അടി താഴ്ച്ചയുള്ള കിണറാണ്. ആണുങ്ങൾ മാത്രം ഉള്ള ഈ മേഖലയിൽ കുഞ്ഞിപ്പെണ്ണ് കടന്നുചെന്നത് വെറുതെയല്ല. മകൻ തീരെ കുട്ടിയായിരിക്കെ ഭർത്താവ് ഉപേക്ഷിച്ചു പോയി. പിന്നെ പല ജോലികൾ ചെയ്താണ് അവനെ വളർത്തിയത്. മൈക്കാട് പണിയടക്കം എല്ലാത്തിനും പോയി. ഒരിക്കൽ ഒരിടത്ത് കിണർ കുഴിച്ചു കൊണ്ടിരിക്കുമ്പോൾ അതൊന്ന് കാണണമെന്ന് കുഞ്ഞി പെണ്ണിന് ആഗ്രഹം. അവിടേക്ക് ചെന്നപ്പോൾ അവിടെ നിന്നവർ വഴക്കുപറഞ്ഞു. സ്ത്രീകൾ അടുത്തേക്ക് ചെല്ലരുത് എന്നായിരുന്നു നിബന്ധന. അന്ന് കുഞ്ഞിപ്പെണ്ണ് തീരുമാനിച്ചു. താനും കിണർ കുഴിക്കും. പിന്നെ വെള്ളമുള്ള സ്ഥലം സ്ഥാനം കണ്ട് കിണർ കുഴിക്കുന്നതിൽ അഗ്രഗണ്യയായി ഇവർ മാറി. മകൻ കിഷോർ ആണ് ഇന്ന് കുഞ്ഞി പെണ്ണിന് പണിക്ക് കൂട്ട്. ഇരുവരും ചേർന്ന് നിരവധി കിണറുകൾ കുഴിച്ചു കഴിഞ്ഞു. എല്ലാ കിണറിലും ആവശ്യത്തിന് വെള്ളം. വാർദ്ധക്യത്തിലും കഠിനാധ്വാനം ചെയ്യുന്ന ഈ വൃദ്ധയോട് പ്രകൃതി പോലും കനിവ് കാട്ടുകയാകും. ഏതൊരു സ്ത്രീക്കും മാതൃകയാണ് കുഞ്ഞിപ്പെണ്ണ് എന്ന് പറയാതെ വയ്യ