തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീവിന് 80 ലക്ഷം രൂപ ലോട്ടറി അടിച്ചു. ടൈൽസ് പണിക്കാരനായിരുന്നു സജീവ്.
അല്പസ്വല്പം മദ്യപിക്കും. നാട്ടിൽ ആർക്കും വലിയ വിലയൊന്നുമില്ല. പക്ഷേ ഒരു ദിവസം കൊണ്ട് സജീവിന്റെ തലവര മാറി.
സജീവിന് ഉണ്ടായ ഭാഗ്യമായി നാട്ടിലെ മുഴുവൻ സംസാര വിഷയം. മുമ്പ് സജീവിനെ അപഹസിച്ചവർ ചിരിച്ചുകൊണ്ട് തല ചൊറിഞ്ഞു നിന്നു. എല്ലാവർക്കും സജീവ് വേണ്ടപ്പെട്ടവനായി.
പണം ലഭിച്ചതോടെ സജീവിനും കുറച്ചൊക്കെ മാറ്റം ഉണ്ടായി. 60 സെൻറ് സ്ഥലം വാങ്ങി. സഹോദരങ്ങളേയും കാര്യമായി സഹായിച്ചു. 35 വയസ്സുള്ള സജീവ് അവിവാഹിതനായിരുന്നു. അമ്മയെ വാർദ്ധക്യത്തിൽ നന്നായി നോക്കണമെന്നും ഒരു വിവാഹമൊക്കെ കഴിക്കണമെന്നും സജീവിനും ആഗ്രഹമുണ്ടായി. മദ്യപാനം ഒക്കെ നിർത്തി സജീവ് വലിയ കുഴപ്പമില്ലാതെ മുമ്പോട്ട് പോകാൻ ശ്രമിച്ചു.
അപ്പോഴാണ് സജീവ് സുഹൃത്തുക്കളെ കുറിച്ച് ഓർത്തത്. അവർക്ക് എന്തെങ്കിലും ചെയ്യണമല്ലോ. അങ്ങനെ സജീവ് ഒരു മദ്യ സൽക്കാരം പ്ലാൻ ചെയ്തു. ചന്തക്കുന്ന് എന്ന ഒരു സ്ഥലം അവിടെയുണ്ട്. ഒരുമാതിരി ക്രിമിനൽ പ്രവർത്തനങ്ങൾ ഒക്കെ നടക്കുന്ന സ്ഥലമാണ്. അവിടെ ഒരു വീട്ടിൽ വച്ച് സജീവ് സുഹൃത്തുക്കൾക്ക് മദ്യ സത്കാരം നടത്തി. അടുത്തദിവസം നാട്ടുകാർ കേട്ടത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ്. മദ്യപിച്ച് ലക്കില്ലാതെ സജീവ് മറിഞ്ഞുവീണു പരിക്കേറ്റ് മരിച്ചു.
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലല്ലോ എന്നായിരുന്നു ചിലരുടെ പ്രതികരണം. പക്ഷേ ചിലർക്ക് ഇത് ഉൾക്കൊള്ളാൻ ആയില്ല. അങ്ങനെ അങ്ങ് മരിക്കില്ലല്ലോ. ഒപ്പം മദ്യപിച്ചവരെയെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ ആ നടുക്കുന്ന വാർത്ത എത്തി. സജീവ് മരിച്ചതല്ല കൊന്നതാണ്. ഒപ്പം മദ്യപിച്ച മായാവി സന്തോഷ് ആണ് സജീവിനെ കൊലപ്പെടുത്തിയത്. സജീവിന് വന്ന ഭാഗ്യം ഒട്ടും ദഹിക്കാത്ത ആളായിരുന്നു മായാവി സന്തോഷ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. മദ്യപാനത്തിനിടെ ഒന്നും രണ്ടും പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. സജീവിന്റെ കഴുത്തിനു പിടിച്ച് ഞെക്കിയ സന്തോഷ് ആഞ്ഞൊരു തള്ളു തള്ളി. മൺതിട്ടയിൽ നിന്ന് താഴെ വീണ് സജീവിന് കാര്യമായി പരിക്കേറ്റു. മറിഞ്ഞുവീണു എന്നാണ് മറ്റുള്ളവർ കരുതിയത്. സഹോദരനെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീവിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഭാഗ്യദേവത അനുഗ്രഹിച്ച ആളെയാണ് ദിവസങ്ങൾക്കകം കാലൻ തട്ടിയെടുത്തത്. ലോട്ടറി അടിക്കുന്നവരിൽ വളരെ കുറച്ചുപേർക്ക് മാത്രമേ അത് അനുഭവിക്കാൻ യോഗം ഉണ്ടാവു എന്നതാണ് വാസ്തവം. ഭാഗ്യദേവത അനുഗ്രഹിച്ചാൽ കരുതലോടെ മാത്രം പ്രവർത്തിക്കുക എന്ന ഒരു പാഠം കൂടിയാണ് സജീവിന്റെ ജീവിതം.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ