ആറ്റുനോറ്റു പിറന്ന മകൻ. അവൻ മുതിർന്ന് അവർക്ക് തണലായി തുടങ്ങിയ സമയം. ഒരു ബൈക്ക് അപകടത്തിൽ അവൻ അപ്രതീക്ഷിതമായി മരിച്ചു. അവരുടെ അറുപതാം വയസ്സിലാണ് ഏക മകനെ നഷ്ടമായത്. ഒരു ദിവസം രാവിലെ അമ്മയ്ക്ക് ആശുപത്രിയിൽ പോകാൻ ആയിരം രൂപ കൊടുത്തിട്ട് പെയിൻ്റിംഗ് ജോലിക്ക് പോയതായിരുന്നു അവൻ. പിന്നെ അവർ കേട്ടത് അപകട വാർത്തയാണ്. ആശുപത്രിയിലെത്തി കണ്ടപ്പോൾ മകൻ അതീവ ഗുരുതരാവസ്ഥയിൽ. പുറത്ത് കാത്തിരുന്നിട്ടും അവർക്ക് ഇരിപ്പുറച്ചില്ല. വീണ്ടും ഐസിയുവിൽ കയറി മകനെ കണ്ടു. കയ്യിലും കാലിലും തൊട്ടപ്പോൾ ആകെ വിറങ്ങലിച്ചിരിക്കുന്നു. മകൻ നഷ്ടമായെന്ന് അവർക്ക് മനസ്സിലായി. അവരും ഭർത്താവും പിന്നെയുള്ള ദിവസങ്ങൾ കണ്ണീരിലായിരുന്നു. വീട്ടിൽ കളിചിരികൾ നിലച്ചു. വാർദ്ധക്യത്തിൽ എത്തിയ ഭാര്യയും ഭർത്താവും വിധിയെ പഴിച്ച് സമയം തള്ളി നീക്കി. അങ്ങനെയിരിക്കുമ്പോഴാണ് സമീപത്തുള്ള ഒരു നഴ്സിനോട് ലളിത എന്ന ആ അമ്മ സങ്കടം പറഞ്ഞത്. അവർ താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടറോട് സംസാരിക്കാം എന്ന് പറഞ്ഞു. തനിക്ക് വളർത്താൻ എങ്കിലും ഒരു കുട്ടിയെ കിട്ടിയാൽ മതി എന്നായിരുന്നു അമ്മ പങ്കുവെച്ച ആഗ്രഹം. എന്നാൽ ഇന്ന് ലളിതാമ്മ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ്. വൈദ്യസഹായത്തോടെ അവർ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണിന്ന്. മൂന്ന് കുട്ടികളായിരുന്നു ഗർഭപാത്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരാളെ ഒഴിവാക്കിയേ പറ്റൂ, അല്ലെങ്കിൽ മൂന്നു പേരുടെയും ജീവൻ നഷ്ടമാകും എന്ന സ്ഥിതി വന്നു. ഭർത്താവിന് കുഞ്ഞുങ്ങളെ കളയാൻ മനസ്സില്ല. ഒടുവിൽ ഡോക്ടർ അദ്ദേഹത്തെ വിളിച്ചുപറഞ്ഞു. ചിലപ്പോൾ നിങ്ങളുടെ ഭാര്യ പോലും നഷ്ടപ്പെട്ടേക്കാം എന്ന്. അങ്ങനെ ഏഴാം മാസം ശസ്ത്രക്രിയ നടത്തി രണ്ടു കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്തു. തൂക്കം വളരെ കുറവായ കുഞ്ഞുങ്ങൾ അതിജീവിക്കുമോ എന്ന ഭയം ഡോക്ടർമാർക്ക് ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്താക്കി ഇന്ന് അവർ നാല് വയസ്സിലേക്ക് എത്തിയിരിക്കുകയാണ്. മിടുക്കന്മാരായ രണ്ട് ആൺകുട്ടികൾ. ശസ്ത്രക്രിയയ്ക്ക് പോലും പണം നൽകി സഹായിച്ച ആ ഡോക്ടർ ആണ് ഈ അമ്മയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇന്ന് ഈ മക്കളുടെ കളിചിരികളുമായി വീട്ടിൽ സന്തോഷം നിറഞ്ഞു നിൽക്കുന്നു. വളരുമ്പോൾ ജീപ്പ് വാങ്ങി അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് ഒരു മകൻ പറയുന്നു. രണ്ടുപേരും ഇവർക്ക് നൽകുന്ന സന്തോഷം ചെറുതല്ല. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും അവരെ നന്നായി വളർത്തുന്നതിൽ മാത്രമാണ് അമ്മയ്ക്ക് ശ്രദ്ധ. കൊല്ലം ജില്ലയിലെ തലവൂരിൽ ഉള്ള ഈ അമ്മയും മക്കളും പലരുടെയും ജീവിതത്തിൽ ഉറപ്പായും പ്രചോദനമാകും. മക്കൾ നഷ്ടപ്പെട്ടാൽ ജീവിതം തന്നെ നഷ്ടമായി എന്ന് ധരിക്കുന്നവർക്ക് പുതിയൊരു സന്ദേശം പകരുകയാണ് ഈ അമ്മ.
ലളിതാമ്മയ്ക്ക് ദീർഘകാലമായി ഒരാഗ്രഹം ഉണ്ട്. അത് സുരേഷ് ഗോപിയെ ഒന്നു നേരിട്ട് കാണണം എന്നതാണ്. ഇപ്പോൾ കേന്ദ്രമന്ത്രി ആയതോടുകൂടി അദ്ദേഹത്തിന്റെ തിരക്കുകൾ ഏറിയിട്ടുണ്ട് എന്നറിയാം. എന്നാലും എന്നെങ്കിലും സുരേഷ് ഗോപിയെ തന്റെ മക്കളെയും കൂട്ടി കാണാൻ ആകുമെന്ന് തന്നെ ഈ അമ്മ പ്രതീക്ഷിക്കുന്നു. അവരുടെ ആഗ്രഹം ദൈവം നിറവേറ്റട്ടെ.