ആൾദൈവങ്ങൾ പല വിധമാണ്.
പലർക്കും പണമുണ്ടാക്കാനുള്ള ഉപാധി മാത്രമാണിത്. എന്നാൽ മറ്റു ചിലർക്ക് ആകട്ടെ തരക്കേടില്ലാത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടാകും. മാനസിക രോഗം മൂത്തവർ ആണെങ്കിൽ വലിയ കടുംകൈകൾ ഒക്കെ കാണിക്കും.
അങ്ങനെ ഒരാളാണ് ഈ നാഗദൈവം. വട്ടാണെന്ന് അവർക്ക് തന്നെ അറിയാം എന്ന് തോന്നുന്നു. തന്റെ ഉള്ളിൽ ഒരു സൈക്കോളജിസ്റ്റ് ഉണ്ടെന്നും താൻ തന്നെ സ്വയം ചികിത്സിക്കുകയാണെന്നും ഒക്കെ അവർ പറയും. മറ്റുള്ളവർ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു പരിഹസിക്കുന്നതായി പരിതപിക്കുകയും ചെയ്യും. എന്തായാലും അസാമാന്യ കോപ്രായങ്ങളാണ് ഈ സ്ത്രീ കാണിക്കുന്നത്. എസ്ഐയെ വരെ കണ്ണാ എന്നും ചക്കരേ എന്നുമൊക്കെ ഇവർ വിളിക്കും. താൻ എല്ലാവരെയും അങ്ങനെ വിളിച്ചു ശീലിച്ചു എന്നാണ് ഈ യുവതി പറയുന്നത്. ഒരിക്കൽ വെറുതെ ഉലാത്തുമ്പോൾ ഏതൊ ഒരു ശക്തി ദേഹത്ത് കയറി. ദൈവ വിശ്വാസമില്ലാത്ത തനിക്ക് അത് വല്ലാത്ത അനുഭവമായിരുന്നു.
അന്നാണ് തന്റെ ശക്തി സ്വയം തിരിച്ചറിഞ്ഞത്. തന്നെ പലരും ദൈവമെന്ന് വിളിക്കും. അത് കേൾക്കുമ്പോൾ ചെറിയ സുഖമൊക്കെ ഉണ്ടെന്നും ഈ നാഗദൈവം പറയുന്നു. പാമ്പിനെ പണ്ട് മുതൽ ഇഷ്ടമായതിനാലാണ് ഈ പേര് ഇട്ടത്. പാമ്പുകൾ ഒക്കെ പൊതുവേ പാവങ്ങളാണ്. പാമ്പ് കടിക്കാൻ വന്നാൽ എന്തു ചെയ്യും എന്ന് ചോദിച്ചപ്പോൾ ഓടി രക്ഷപ്പെടും എന്ന മറുപടി ആണ് തിരികെ ലഭിക്കുക.
ചിലർ പറയും ദൈവങ്ങൾക്കെന്തിനാ കാശെന്ന് ? അവരെ കിട്ടിയാൽ അടിക്കണം എന്നാണ് ഈ അമ്മ പറയുന്നത്. ദൈവമാണെന്ന് കരുതി വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും ഒക്കെ വെറുതെ കിട്ടുമോ? കുറ്റം പറയരുതല്ലോ, നല്ലൊരു കലാകാരിയാണ് ഈ സ്ത്രീ. സ്വന്തമായി ഫാഷൻ ഡിസൈനിങ് നടത്തിയ വസ്ത്രമാണ് ഇട്ടിട്ടുള്ളത് എന്നാണ് പറയുന്നത്. തലയിൽ ഒരു കിരീടം വച്ചിട്ടുണ്ട്. അതും സ്വയം രൂപകൽപ്പന ചെയ്തതാണ്. നിരവധി ചിത്രങ്ങൾ ഇവിടെ വരച്ചു തൂക്കിയിട്ടുണ്ട്. അതൊക്കെ താൻ വരച്ചതാണെന്ന് ഇവർ പറയുന്നു.
റബ്ബർ തോട്ടത്തിൽ ഒരു ഏറുമാടം പണിഞ്ഞ് അതിലാണ് നാഗ ദൈവത്തിൻറെ വാസം. കൂടെ ഒരു സുഹൃത്തുണ്ട്. അമ്മയുടെ അത്ഭുത ശക്തികളിൽ ഒന്നും വലിയ വിശ്വാസമുള്ള മട്ടിൽ അല്ല പുള്ളിയുടെ സംസാരം. എന്തായാലും നാളെ ഇത് വലിയ പ്രസ്ഥാനം ആകില്ല എന്ന് ആരറിഞ്ഞു. യഥാസമയം ചികിത്സ കിട്ടിയാൽ ഒരുപക്ഷേ ഒരു അമ്മ ദൈവത്തെ ലോകത്തിന് നഷ്ടമായേക്കാം