വർക്കലയിലെ ജഗന്നാഥൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണ്. പ്രണയിച്ച് സ്വന്തമാക്കിയ പ്രിയപ്പെട്ടവളെ ജാതിയുടെ പേരിൽ വീട്ടുകാർ മടക്കിക്കൊണ്ടു പോയപ്പോൾ ജഗന്നാഥൻ ആകെ തകർന്നു. അവന് കണ്ണീരൊഴിഞ്ഞ നേരമില്ല. ഒരു ആവശ്യം മാത്രമാണ് ജഗന്നാഥനുള്ളത്. ഗൗരി തിരിച്ചു വരണം.മാനസികമായി ഏറെ തകർന്ന അവസ്ഥയിലാണ് ഈ ചെറുപ്പക്കാരൻ. ഏറെ സന്തോഷത്തോടെയാണ് ചുരുങ്ങിയ കാലമെങ്കിലും ഇരുവരും ഒന്നിച്ച് ജീവിച്ചത്.
ജോലിക്ക് പോകുമ്പോൾ പോലും ഗൗരിയെ തനിച്ചാക്കില്ലായിരുന്നു എന്ന് ജഗന്നാഥൻ പറയുന്നു. താൻ എവിടെപ്പോയാലും ഒപ്പം കൂട്ടാൻ ശ്രമിക്കുമായിരുന്നു. തൻറെ ബൈക്കിനെ പോലും അവൾ കുട്ടിയെ പോലെയാണ് കണ്ടിരുന്നത്. നമ്മൾ മൂന്നും ഒരു കുടുംബം എന്ന് ഗൗരി പറയുമായിരുന്നു എന്ന് കണ്ണീരോടെ ജഗന്നാഥൻ ഓർക്കുന്നു. ഒരു ദിവസം കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു ജോലിക്ക് പോയതാണ്. മടങ്ങി വരുമ്പോൾ വീട്ടിൽ ഗൗരി ഉണ്ടായിരുന്നില്ല. പഠിക്കാൻ പോയ ഗൗരി തിരികെ വന്നില്ല. പോലീസിനെ സമീപിച്ചെങ്കിലും ഇന്നും ഇവർക്ക് നീതി കിട്ടിയിട്ടില്ല. ഗൗരിയെ കൊണ്ടുപോയത് അവളുടെ വീട്ടുകാരാണ്. താഴ്ന്ന ജാതിക്കാരനായ ജഗന്നാഥനുമായുള്ള ബന്ധം ഒരു കാരണവശാലും അംഗീകരിക്കാൻ ഗൗരിയുടെ അമ്മയ്ക്ക് കഴിയുമായിരുന്നില്ല.
ഇതിന് തെളിവായി അവരുടെ ഫോൺ സംഭാഷണം അടക്കം ഈ കുടുംബത്തിൻറെ പക്കൽ ഉണ്ട്. ഗൗരിയെ സ്വന്തം വീട്ടിൽ നിർത്താതെ ബന്ധു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ പാലോട് ആണ് താമസിക്കുന്നത് എന്നാണ് ഇവർക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഭർത്താവിൻറെ കുടുംബത്തിൽ എല്ലാവർക്കും പ്രിയങ്കരി ആയിരുന്നു ഗൗരി. ജഗന്നാഥന്റെ മുത്തശിക്കൊക്കെ ഗൗരിയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്. ഗൗരി തിരികെ വരുമെന്ന് ജഗന്നാഥനെ പോലെ ഈ കുടുംബവും പ്രതീക്ഷിക്കുന്നു. മകനെ ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ കുടുംബം ഒന്നടങ്കം ജീവനൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ജഗന്നാഥന്റെ അച്ഛന് നൽകാനുള്ളത്. എന്തായാലും ജഗന്നാഥന്റെ വാക്കുകളിൽ നിന്ന് ഒന്ന് വ്യക്തം. അയാൾ ഗൗരിയെ ജീവനുതുല്യം സ്നേഹിക്കുന്നു. ഒരിക്കൽ അവൾ ആ സ്നേഹം തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ. ഗൗരിയുടെ വീട്ടുകാരോട് ഒരു വാക്ക്. ജാതിയുടെ സങ്കുചിത ചിന്തകൾ മാറ്റിവച്ച് സ്നേഹിക്കുന്ന മനസ്സുകളെ ഒന്നാകാൻ അനുവദിക്കൂ.
വീഡിയോ കാണുവാനായി യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ