തലസ്ഥാന നഗരത്തിലെ രണ്ട് സ്ത്രീകളുടെ ദുരിത ജീവിതമാണ് ഇത്. അന്ധയായ സഹോദരിയെ നോക്കാൻ വിവാഹം പോലും വേണ്ടെന്നുവച്ച അനുജത്തി. രണ്ടുപേർക്കും ഇപ്പോൾ വാർദ്ധക്യം ആയിരിക്കുന്നു. എന്നാൽ ഒന്ന് തലചായ്ക്കാൻ ഒരു വീട് പോലും ഇവർക്ക് സ്വന്തമായി ഇല്ല. വളരെ ദുരിത ജീവിതമാണ് ഇരുവരും നയിക്കുന്നത്. വീടിനുവേണ്ടി ഇവർ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. മുട്ടാത്ത വാതിലുകളില്ല. ഒരു കെട്ട് പരാതിയുടെ കോപ്പികൾ മാത്രമാണ് ഇപ്പോൾ കയ്യിൽ മിച്ചം. ഒടുവിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് മൂന്നു സെൻറ് സ്ഥലം അനുവദിച്ചു. എന്നാൽ അത് വാങ്ങുന്നതിലും ബ്രോക്കർ പറ്റിച്ചതായി ഇവർ പറയുന്നു. നല്ല രീതിയിൽ വഴി പോലുമില്ലാത്ത സ്ഥലമാണ് ശരിയാക്കി കിട്ടിയത്.
ദുർഘടം പിടിച്ച പ്രദേശം. അവിടെ ആയാലും ഒരു ഒരു വീടു പണിയുക എന്നതാണ് ഇവരുടെ സ്വപ്നം. ആ വീടിനു വേണ്ടി നിരവധിപേരെ സമീപിച്ചു. ലൈഫ് പദ്ധതിയിൽ ഒന്നും ഈ പാവങ്ങളുടെ പേരില്ല. പരാതി പറയാൻ ചെന്നാൽ അത് കേൾക്കാൻ പോലും കൗൺസിലർ മനസ്സ് കാണിക്കാറില്ല എന്ന് ഇവർ പറയുന്നു. ഇപ്പോൾ സന്മനസ്സുള്ള ഒരാൾ അനുവദിച്ച വീട്ടിലാണ് താമസം. എത്രനാൾ ഇവിടെ കഴിയാൻ പറ്റും എന്ന് അറിയില്ല. ചില സന്നദ്ധ പ്രവർത്തകരും മറ്റും നൽകുന്ന സഹായവും സാമൂഹ്യ സുരക്ഷാ പെൻഷനും മാത്രമാണ് ഇവർക്ക് ആശ്രയം. അന്ധയായ സഹോദരിയെക്കൊണ്ട് ഏറെ ദൂരം ഒന്നും യാത്ര ചെയ്യാൻ കഴിയില്ല. ഇളയ സഹോദരിക്കും കിഡ്നി സംബന്ധമായ തടക്കം നിരവധി രോഗങ്ങൾ ഉണ്ട്. കുട്ടിക്കാലം മുതലേ ഇവർ ഏറെ ദുരിതങ്ങളാണ് അനുഭവിച്ചത് എന്ന് പറയുന്നു. അമ്മ മരിച്ചശേഷം അച്ഛൻ വേറെ വിവാഹം കഴിച്ചു. രണ്ടാനമ്മയും അച്ഛനും മരിച്ചു പോയി. ഇനിയുള്ളത് മൂത്ത ഒരു സഹോദരിയാണ്. അവരും അത്ര നല്ല നിലയിൽ അല്ല ജീവിക്കുന്നത്. ഈ പാവങ്ങളുടെ ദുരിതം കാണാൻ സന്മനസ്സുള്ളവർക്ക് കഴിയട്ടെ. ആരുടെയെങ്കിലും കൈത്താങ്ങ് ഉണ്ടെങ്കിലെ ഇവർക്ക് മുമ്പോട്ടുള്ള ജീവിതം സാധ്യമാകു..