ഒരു ലാഭവും ഇല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ? തെരുവിൽ ആർക്കും വേണ്ടാതെ കിടക്കുന്ന അനാഥ ജന്മങ്ങളെ കണ്ടെത്തി പുതു ജീവിതത്തിലേക്ക് അവരെ കൈ പിടിച്ചു കയറ്റുന്ന പ്രവർത്തി വെറുതെയാണോ ചെയ്യുന്നത് ? മാനസികരോഗം ഉള്ളവരെയും ഭിക്ഷക്കാരെയും ഒക്കെ ഇങ്ങനെ പുനരധിവസിപ്പിക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ട് തിരുവനന്തപുരത്ത്. അജു മധു എന്നാണ് അയാളുടെ പേര്. പെയിൻറിംഗ് ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ് അജു ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. അജുവിന്റെ ഈ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ സത്യസന്ധമാണോ? അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ടോ ? അതൊന്നു പരീക്ഷിക്കാൻ ഒരു പ്രാങ്ക് വീഡിയോ ആണ് ചെയ്തത്.
കൂട്ടത്തിൽ ഒരാൾ മാനസിക രോഗിയായി അഭിനയിച്ചു. സമീപത്തെ വെയ്റ്റിംഗ് ഷെഡിൽ രണ്ടുദിവസമായി ഇങ്ങനെ ഒരാൾ കിടക്കുന്നുണ്ടെന്ന് അജുവിനെ മറ്റൊരാളെ കൊണ്ട് വിളിച്ചുപറയിപ്പിച്ചു. അധികം വൈകിയില്ല. അജു സ്വന്തം പൈസ കൊണ്ട് പെട്രോൾ അടിച്ച് അവിടെ എത്തി.
ഒരു അറപ്പും ഇല്ലാതെ ആ ചെറുപ്പക്കാരൻ മാനസിക വൈകല്യമുള്ളയാളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി നിന്നു.
പ്രാങ്ക് വീഡിയോ ആയതുകൊണ്ട് ഇടപെടണമല്ലോ. നിങ്ങൾ എന്താണ് ഇങ്ങനെ ചെയ്യുന്നത്? ഇതു കൊണ്ട് എന്തു നേട്ടമാണ് ഉണ്ടാക്കുന്നത് ? ഇവരെയൊക്കെ കൊണ്ടുപോയി കിഡ്നിയും കരളും അടക്കമുള്ള അവയവങ്ങൾ എടുത്തു വിൽക്കുകയല്ലേ പണി ? അല്ലെങ്കിൽ യാതൊരു ലാഭവും ഇല്ലാതെ ആരെങ്കിലും ഇത്തരം പണികൾ ചെയ്യുമോ? നിങ്ങളുടെ ബന്ധുക്കാരൻ ഒന്നുമല്ലല്ലോ ഈ കിടക്കുന്നത് ? പ്രകോപനപരമായ രീതിയിൽ പലതവണ സംസാരിച്ചിട്ടും അജു അതേരീതിയിൽ നിലകൊണ്ടു. യാതൊരു ആക്രമണത്തിനും ക്ഷോഭിക്കാനും മുതിർന്നില്ല. സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിച്ച ശേഷമാണ് ഇത്തരത്തിലുള്ളവരെ പുനരധിവാസകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പലരെയും പല കേന്ദ്രങ്ങളിലാണ് കൊണ്ടുപോവുക. ഇതിനോടകം നൂറോളം പേരെ ഇങ്ങനെ എത്തിച്ചു കഴിഞ്ഞു. തന്നെയുമല്ല സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ദിവസം 25 ഓളം പേർക്ക് ഭക്ഷണവും നൽകുന്നുണ്ട് ഈ ചെറുപ്പക്കാരൻ. എന്തായാലും സംഗതി പ്രാങ്ക് ആണെന്ന് അജുവിന് ആദ്യം മനസ്സിലായില്ല. അത്ര നന്നായി മാനസിക രോഗി അഭിനയിക്കുകയും ചെയ്തു. അടുത്തതായി മാനസിക രോഗിയെ കൈവയ്ക്കാൻ ശ്രമിച്ചപ്പോൾ അജുവിന്റെ മട്ടു മാറി. നിങ്ങൾ വേണമെങ്കിൽ എന്നെ തല്ലിക്കോ ? പക്ഷേ ആരും ഇല്ലാത്ത ഈ പാവത്തിനെ എന്തിന് തല്ലുന്നു? അതുവരെ മര്യാദയ്ക്ക് സംസാരിച്ച അജുവിന്റെ മട്ടുമാറി. നിങ്ങൾ എന്നെ അടിച്ചാലും ഞാൻ കൊണ്ടിട്ടുപോകും. എത്ര തെറി വേണമെങ്കിലും വിളിച്ചോ. അല്ലെങ്കിൽ ഇല്ലാത്ത കാര്യങ്ങൾ എത്ര വേണമെങ്കിലും പറഞ്ഞുകൊള്ളൂ. പക്ഷേ മാനസിക പ്രശ്നം ഉള്ള ഈ മനുഷ്യനെ അടിക്കാൻ ഞാൻ സമ്മതിക്കില്ല. ഇതായിരുന്നു അയാളുടെ നിലപാട്. എന്തായാലും അധികം വൈകാതെ ഇത് പ്രാങ്കാണ് എന്ന സത്യം ആ ചെറുപ്പക്കാരനോട് തുറന്നു പറയേണ്ടി വന്നു. വളരെ അധികം മാതൃകാപരമായ പ്രവർത്തനമാണ് ഈ ചെറുപ്പക്കാരൻ നടത്തുന്നത് എന്നതിൽ യാതൊരു തർക്കവുമില്ല. യാതൊരു ലാഭേച്ഛയും കൂടാതെയാണ് ഈ ചെറുപ്പക്കാരൻ തെരുവിന്റെ മക്കളെ സംരക്ഷിക്കുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇത്തരം നന്മകൾ. അജുവിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ശേഷമാണ് അവിടെ നിന്ന് മടങ്ങിയത് .