കണ്ണൂരിൽ ടാപ്പിംഗ് ജോലിക്ക് എന്നു പറഞ്ഞാണ് സുഹൃത്ത് സ്വപ്നേഷ് ഭുവനചന്ദ്രനെ കൂട്ടിക്കൊണ്ടു പോയത്. അവിടെ ഇഷ്ടം പോലെ പണവും പെണ്ണുങ്ങളും ഒക്കെ കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ആയിരുന്നു ഈ സംസാരം. ജോലി ചെയ്ത് പണമുണ്ടാക്കാൻ പറ്റുമെങ്കിൽ താൻ വരുമെന്നും മറ്റ് കാര്യങ്ങളിൽ ഒന്നും താല്പര്യമില്ലെന്നും ഭുവനചന്ദ്രൻ മറുപടി നൽകി. സ്വന്തം വീട്ടിൽ പോലും പറയാതെയാണ് ഭുവനചന്ദ്രൻ സ്വപ്നേഷിനൊപ്പം പോയത്. പക്ഷേ പിന്നീട് അയാളെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. ഈ ആദിവാസി യുവാവ് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആർക്കും ഒരു ഉറപ്പുമില്ല. ചെറിയ കുട്ടികളും ഭാര്യയും ഒക്കെ അയാളെ കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.
ഒരുമിച്ച് റെയിൽവേ സ്റ്റേഷനിൽ വരെ എത്തിയെന്നും അവിടെവച്ച് ഭുവനചന്ദ്രനെ കാണാതായി എന്നുമാണ് സ്വപ്നേഷ് പറയുന്നത്. പോലീസുകാർ തന്നെ സംശയം തോന്നി അകത്തേക്ക് കൂട്ടിക്കൊണ്ടു പോയപ്പോൾ എന്തോ പ്രശ്നമാണെന്ന് കരുതി ഭുവനചന്രൻ സ്ഥലം വിട്ടിരിക്കാൻ ആണ് സാധ്യതയെന്ന് സ്വപ്നേഷ് പറയുന്നു. പക്ഷേ ഭുവനചന്ദ്രന്റെ ബന്ധുക്കൾ ഇതൊന്നും വിശ്വസിക്കുന്നില്ല.
സ്വപ്നേഷ് മദ്യപിച്ചാൽ പ്രശ്നക്കാരനാണെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിട്ടുണ്ടോ എന്നും കുടുംബം സംശയം പ്രകടിപ്പിക്കുന്നു. ആദിവാസി ഊരിൽ ആർക്കും ഈ യുവാവിനെ കുറിച്ച് മോശമായി ഒന്നും പറയാനില്ല. ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന അയാൾ എവിടെയാണെന്ന് ഇപ്പോൾ ഒരു വിവരവുമില്ല. പോലീസ് അന്വേഷിച്ചിട്ടും കാര്യമായി ഒന്നും കിട്ടിയിട്ടില്ല. എഴുത്തും വായനയും അറിയാത്ത ആളാണ് ഭുവനചന്ദ്രൻ. അയാൾക്ക് എന്താണ് സംഭവിച്ചത്?