മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കവിയാണ് മുരുകൻ കാട്ടാക്കട. രേണുക അടക്കമുള്ള അദ്ദേഹത്തിൻറെ കവിതകൾ ഇന്നും കുട്ടികളുടെ പോലും നാവിൽ കളിക്കുന്നു. മലയാളിത്തം തുളുമ്പുന്ന നിരവധി സിനിമാ ഗാനങ്ങളും മുരുകൻ കാട്ടാക്കട മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. കവിതാ ജീവിതത്തിൻറെ തുടക്കത്തെക്കുറിച്ചും കവിത എഴുതാനുള്ള അനുഭവങ്ങളെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ് മുരുകൻ കാട്ടാക്കട.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ച ബാല്യമായിരുന്നെങ്കിലും അനുഭവ സമ്പത്തിന്റെ കാര്യത്തിൽ ആ ബാല്യം ഏറെ മുൻപിൽ ആയിരുന്നു എന്ന് മുരുകൻ കാട്ടാക്കട പറയുന്നു. ആ അനുഭവങ്ങളാണ് തൻറെ കവിതയുടെയും ഗാനങ്ങളുടെയും ഒക്കെ കാതൽ. നാലര കിലോമീറ്റർ നടന്ന് സ്കൂളിലേക്കുള്ള യാത്ര. പാടവരമ്പുകളും കുറ്റിക്കാടുകളും താണ്ടി നെയ്യാറിന് കുറുകെ യാത്ര ചെയ്തു സ്കൂളിലേക്കുള്ള ആ ബാല്യം എത്രയോ അനുഭവങ്ങളാണ് കവിക്ക് സമ്മാനിച്ചത്. ഭാഷാ പരിജ്ഞാനത്തിൽ പോലും അത് ഏറെ ഗുണം ചെയ്തു എന്ന് അദ്ദേഹം പറയുന്നു. പൂക്കളും പൂത്തുമ്പികളും ഒക്കെയായി സംസാരിച്ചുള്ള യാത്രകൾ പകർന്ന അനുഭവസമ്പത്ത് ചെറുതല്ല. വയറു വിശക്കുമ്പോൾ പൈപ്പ് വെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്. അതൊക്കെ കവിതയ്ക്ക് ഇന്ധനമായി. ബാല്യത്തെക്കുറിച്ച്, സിനിമയിൽ പാട്ട് എഴുതാൻ അവസരം വന്നപ്പോൾ മാവിൻ ചുവട്ടിലെ മധുരമുള്ള ബാല്യത്തെക്കുറിച്ച് എഴുതാൻ കുട്ടിക്കാലത്ത് മാവിൻ ചുവട്ടിൽ കൂട്ടുകാരുമൊത്ത് മാമ്പഴം തേടി ഓടുന്ന ഓർമ്മകൾ മതിയായിരുന്നു. പാടവരമ്പുകളിൽ കൂടി സ്കൂളിലേക്കുള്ള യാത്രകളിൽ കൂട്ടുകാരികളുടെ പാവാടയിൽ ചെളി ചായം പൂശുന്നതും ഗാനങ്ങൾക്ക് പ്രചോദനമായി. തന്റെയും കൂട്ടുകാരുടെയും ഒക്കെ പ്രണയാനുഭവങ്ങളാണ് രേണുക എന്ന കവിതയ്ക്ക് പ്രമേയമായതെന്ന് മുരുകൻ കാട്ടാക്കട പറയുന്നു. ഓസ്ട്രേലിയയിൽ പോയപ്പോൾ മലയാളം സംസാരിക്കാൻ അറിയാത്ത കുട്ടി അതിമനോഹരമായി രേണുക ചൊല്ലുന്നത് കേട്ട് താൻ അമ്പരന്നിട്ടുണ്ട്. മലയാളഭാഷയോട് അങ്ങനെ പലരെയും അടുപ്പിക്കാൻ ആയി എന്നത് കവി എന്ന നിലയിൽ സന്തോഷം പകരുന്നു. മനുഷ്യനാകണം എന്ന കവിതയുടെ കാര്യത്തിലും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു അമ്മ പങ്കുവെച്ച വീഡിയോയിൽ പിഞ്ചു മകൻ ആ കവിത കേൾക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്ന രംഗങ്ങൾ ആയിരുന്നു. വീഡിയോ കോൾ ചെയ്തു കുട്ടിയെ നേരിട്ട് കവിത പാടി കേൾപ്പിച്ചു.
മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും ഒക്കെ അതിർവരമ്പുകൾ ഇല്ലാത്ത കാലം ഓർമ്മപ്പെടുത്തി കവി