കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രീതി ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ്. പത്തനംതിട്ട ജില്ലയിലെ തേക്കുതോട് എന്ന ഗ്രാമത്തിൽ വനം വകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായ നിരവധി പേരുണ്ട്. അതിൽ ഒരാളാണ് ശിവൻ എന്ന അമ്പതുകാരൻ. തോക്ക് കൈവശം വച്ചെന്ന് പറഞ്ഞാണ് ശിവനെ വനം വകുപ്പ് കേസിൽ പ്രതിയാക്കിയത്. ജീവിതത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം തോക്ക് കണ്ടിട്ടുണ്ടെന്നല്ലാതെ തൊട്ടുനോക്കിയിട്ടു പോലും ഉള്ള ആളല്ല ശിവൻ. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന മനുഷ്യൻ. വനത്തിൽ തടിപ്പണിക്ക് പോകുമായിരുന്നതാണ് ശിവന് വിനയായത്. വനം വകുപ്പുകാർ ശിവനെയും സത്യൻ എന്ന ആളെയും കള്ളക്കേസിൽ കൊടുക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസിൽ തലകീഴായി കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചു. ഒടിഞ്ഞ വാരിയെല്ലുമായാണ് കഴിഞ്ഞ മൂന്നു വർഷമായി ഈ മനുഷ്യൻ ജീവിക്കുന്നത്. ഇപ്പോൾ ഒരു പണിക്കും പോകാൻ ആവുന്നില്ല. എന്തിന് കിടക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കാനോ അനായാസം നടക്കാനോ പോലും ഇദ്ദേഹത്തിന് കഴിയില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടിച്ചു പിഴിഞ്ഞപ്പോൾ ഇല്ലാത്ത തോക്ക് കാട്ടിക്കൊടുക്കാൻ ആകാതെ ശിവൻ അലമുറയിട്ടു. അടുത്തദിവസം കോടതിയിൽ ഹാജരാക്കി കയ്യൊഴിയാൻ ശ്രമിച്ചപ്പോൾ ശിവൻറെ നിസ്സഹായാവസ്ഥ മനസ്സിലാക്കി കോടതിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് അയച്ചത്. എന്തിനാണ് തന്നോട് ഇങ്ങനെയൊരു ക്രൂരത കാട്ടിയത് എന്ന് ഈ പാവത്തിന് അറിയില്ല.
വനം മന്ത്രിയും ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയും ഒക്കെ ഈ വാർത്ത കാണണം. ഉദ്യോഗസ്ഥരുടെ കൈപ്പിഴവും അധികാര ധാർഷ്ട്യവും ജീവിതം നരകതുല്യം ആക്കിയ ഈ മനുഷ്യരെ കുറിച്ച് അറിയണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ