ഭർത്താവ് അശോകന് 59 വയസും ഭാര്യ ലീലയ്ക്ക് 45 വയസും… മൂന്ന് പെൺമക്കളും ഒരു മകനും. പെൺമക്കളെല്ലാം വിവാഹിതർ.
അശോകന് പക്ഷാഘാതം ബാധിച്ചതിനാൽ ജോലിക്ക് പോകാൻ അടുത്തിടെയായി കഴിയില്ല. എന്നാൽ ഒരു കുറവും ലീല വരുത്തിയില്ല. ഭർത്താവിനെ നന്നായി തന്നെ നോക്കി. അങ്ങനെയിരിക്കെയാണ് മറ്റൊരു രോഗം അശോകനെ ബാധിച്ചത്. തിരുവനന്തപുരം വർക്കല പ്രദേശത്തെയാകെ നടുക്കിയ ഒരു ക്രൂരകൃത്യത്തിലേക്കാണ് അത് ചെന്നെത്തിയത്.
ആ അസുഖം മറ്റൊന്നുമല്ല. അത് സംശയരോഗമായിരുന്നു.
വയ്യാത്ത തന്നെ ഉപേക്ഷിച്ച് ഭാര്യ മറ്റാർക്കെങ്കിലും ഒപ്പം പോകുമോയെന്ന് അശോകൻ ഭയന്നു.
രോഗബാധിതനായ ശേഷം തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യമായി. കുട്ടികളോട് പോലും കാരണമില്ലാതെ ദേഷ്യപ്പെട്ടു.
ആറ്റുകാൽ പൊങ്കാലയിടാൻ ലീല പോയതും അശോകന് സംശയം വർധിക്കാൻ കാരണമായി. പൊങ്കാലയിടാൻ തന്നെയാണോ പോയത് എന്നതായിരുന്നു അയാളുടെ സംശയം.
വൈകിട്ട് വന്ന ലീല കൊണ്ടുവന്ന പ്രസാദം അയാളും കഴിച്ചു.
ക്ഷീണം കാരണം അവർ നേരത്തെ ഉറങ്ങി. രാത്രി ഒരു മണിയോടെ ദേഹത്ത് നനവ് തട്ടിയാണ് ലീല ഉണർന്നത്. ചുറ്റും മണ്ണെണ്ണയുടെ ഗന്ധം. എന്താണെന്ന് മനസിലാകും മുമ്പേ അശോകൻ തീപ്പെട്ടി ഉരച്ച് ഭാര്യയെ കത്തിച്ചിരുന്നു.
അടുത്തു കിടന്ന മകൾക്കും കുഞ്ഞിനുമൊന്നും ആപത്തുണ്ടാകാതെ അവർ വീടിന് പുറത്തേക്കോടി. നിലവിളി കേട്ട് എത്തിയവർ എങ്ങനെയൊക്കെയോ തീ കെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഞാൻ അയാളെ പൊന്നുപോലെ നോക്കിയിട്ടും എന്നോട് എന്തിന് ഇത് ചെയ്തു, അൽപ്പം വിഷം നൽകിയാൽ പോരായിരുന്നോ എന്ന് മാത്രമായിരുന്നു അവരുടെ ചോദ്യം. ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ ലീല മരണത്തിന് കീഴടങ്ങി. അശോകൻ ഇപ്പോൾ ജയിലിലാണ്.