തമിഴ്നാട്ടിലെ കമ്പത്തും തേനിയിലും ഒക്കെ പോയാണ് മലയാളി മുന്തിരിത്തോട്ടങ്ങൾ കാണുന്നത്. എന്നാൽ ഇവിടെ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ട്. ഓട്ടോ ഡ്രൈവർ ആയ സോണി എന്ന ബൈജുവിന്റെ വീട്ടുമുറ്റത്താണ് മുന്തിരിവള്ളികൾ കായ്ച്ച് കിടക്കുന്നത്. അമ്പലത്തിലെ ഉത്സവത്തിന് പോയപ്പോൾ ബൈജു വാങ്ങിയ മൂന്ന് മുന്തിരി ചെടികൾ … അതിൽ ഒന്നാണ് വീട്ടുമുറ്റത്ത് തണൽ വിരിച്ച്, പച്ച മുന്തിരിക്കുലകളുമായി നിൽക്കുന്നത്.
നിരവധി പേരാണ് ഈ മുന്തിരിത്തോട്ടം കാണാൻ ഇവിടെ എത്തുന്നത്. മുന്തിരിവള്ളികളിലും മുന്തിരിക്കുലകളിലും തൊടരുത് എന്നൊരു അപേക്ഷ മാത്രമേ സന്ദർശകരോട് ബൈജുവിന് ഉള്ളൂ. അത് മറ്റൊന്നും കൊണ്ടല്ല. മുന്തിരി കുലകൾ കേടാകുമോ എന്ന് ഭയന്നാണ്. വീട്ടിലെ ഇത്തരം കൃഷികളിൽ ആദ്യം എന്ത് വിളഞ്ഞാലും തൊട്ടടുത്തുള്ള ദേവീക്ഷേത്രത്തിൽ കൂടി ഒരു പങ്ക് കൊടുക്കുന്ന പതിവ് ബൈജുവിന് ഉണ്ട്. ഇത്തവണയും പതിവ് തെറ്റിക്കില്ലെന്ന് ബൈജു പറയുന്നു. യാതൊരുവിധ വിഷപ്രയോഗങ്ങളും ഈ മുന്തിരി തോട്ടത്തിൽ നടത്തുന്നില്ല. ചാണകപ്പൊടിയും മറ്റും മാത്രമാണ് വളമായി നൽകുന്നത്. മുന്തിരിക്കുലകളിൽ കുമ്മായം കലക്കി തളിച്ച് കൊടുക്കും. അത്രമാത്രം. അത് കീടങ്ങളിൽ നിന്ന് രക്ഷയ്ക്കായാണ്. മുന്തിരി പരിപാലിക്കേണ്ട രീതികൾ ഒന്നും ബൈജുവിന് അറിയുമായിരുന്നില്ല, എന്നിട്ടും മുന്തിരിക്കുലകൾ ഉണ്ടായത്, ഇത്രയധികം വിളവുണ്ടായത് അത്ഭുതകരമാണെന്ന് ബൈജു പറയുന്നു. തൊട്ടടുത്തുതന്നെയുള്ള കൊട്ടാരക്കര ഗണപതിയുടെയും ദേവിയുടെയും ശക്തിയാണ് ഇതെന്ന് വിശ്വസിക്കാനാണ് ബൈജുവിന് ഇഷ്ടം . കൃഷിയിൽ താങ്ങായി ബൈജുവിന്റെ അമ്മയും ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്. തോട്ടം നനയ്ക്കുന്ന ചുമതല ഇവർക്കാണ്. എന്തായാലും മുന്തിരിത്തോട്ടം കാണാൻ കമ്പത്തും തേനിയിലും പോകുന്ന തെക്കൻ ജില്ലക്കാർ ഇനി അത്ര കഷ്ടപ്പെടേണ്ട. കൊട്ടാരക്കരയിൽ എത്തിയാൽ ബൈജുവിന്റെ മുന്തിരിത്തോപ്പ് കൺനിറയെ കാണാം.
വീഡിയോ മുഴുവൻ ആയി കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ