തലസ്ഥാന നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി മുങ്ങി മരിച്ച വാർത്ത കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. കൊട്ടിഘോഷിക്കുന്ന കേരള വികസന മോഡലിന് കനത്ത പ്രഹരം ആയിരുന്നു ആ മരണം. എല്ലാ പുറംപൂച്ചുകളും തുറന്നുകാട്ടുന്നതായിരുന്നു രണ്ടുദിവസം നീണ്ട രക്ഷാപ്രവർത്തനം. തലസ്ഥാന നഗരത്തിലെ മുഴുവൻ വിഴുപ്പും പേറി ഒഴുകുന്ന ദുർഗന്ധവാഹിനിയായ തോട്ടിൽ ആ മനുഷ്യൻ ശുചീകരണത്തിന് ഇറങ്ങിയത് എന്തിനാണ്?
എന്തു പണിയും ചെയ്യുന്നവനായിരുന്നു ജോയി. മറ്റാരും ആശ്രയമില്ലാത്ത അമ്മയെ പട്ടിണിയില്ലാതെ നോക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു അതിനു പിന്നിൽ. ആര് ഏത് ജോലിക്ക് വിളിച്ചാലും ജോയി പോകും. പണം കിട്ടുമല്ലോ എന്നാണ് അമ്മയോട് പറയുക. നമ്മൾക്ക് കഴിയേണ്ടേ. മൂന്ന് തവണ കാലിന് ഒടിവുണ്ടായ അമ്മയ്ക്ക് ഏറെ രോഗങ്ങളുമുണ്ട്. എല്ലാം നോക്കുന്നത് ജോയിയാണ്.
അയാൾ അങ്ങനെ ജോലിക്ക് എത്തിയതാണ്. കാൽവഴുതി ആ തോട്ടിലേക്ക് വീഴുമ്പോൾ അത് മരണ കുഴിയാകും എന്ന് ജോയി ഓർത്തു കാണില്ല. കുമിഞ്ഞുകൂടിയ മാലിന്യങ്ങൾക്ക് അടിയിൽപ്പെട്ട അയാൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ഏതാണ്ട് ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം പിന്നീട് കണ്ടെടുത്തത്.
തലസ്ഥാന നഗരത്തിലെ മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോട് ലോകത്തിനു മുമ്പിൽ കാട്ടിക്കൊടുക്കാൻ ജോയിയുടെ മരണം വേണ്ടിവന്നു.
ജോയിക്കും കുടുംബത്തിനും ഒക്കെ ഇനി ആരാണ് തുണ. സർക്കാരും കോർപ്പറേഷനും ഒക്കെ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് കൃത്യസമയത്ത് ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഇവരുടെ അതിജീവനം സാധ്യമാക്കുകയും വേണം. അല്ലാത്തപക്ഷം അത് ജോയിയോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും.