നിരവധി സിനിമകള്‍ക്കു തിരക്കഥയെഴുതിയ തിരക്കഥാകൃത്താണ് റഫീഖ് സീലാട്ട്. സിനിമാ തിരക്കഥയെഴുത്തില്‍ വലിയ അനുഭവസമ്പത്തുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്നു പറയുന്നു.
റഫീഖിന് ഒരു ബാക്ക് ഗ്രൗണ്ടും സിനിമയിലില്ലായിരുന്നു. സിനിമാ മേഖലയിലെ ആളുകളെ പരിചയപ്പെടുത്താനാരുമില്ല. സിനിമാ മോഹം കലശലായിരുന്ന സമയത്ത് ഒരു മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുകയായിരുന്നു റഫീഖ്. സുന്ദരനായ റഫീഖ് നന്നായി വേഷം ധരിച്ചാണു സാധാരണ നടക്കുക.
ഡെന്നീസ് ജോസഫിനെ കഥപറയാനായി കാണാന്‍ പോയ കഥയും റഫീഖിന് സുന്ദരമായ ഒരു കഥപോലെയാണ് ഓര്‍ക്കുന്നത്.
കഥപറയാനായി ഒരിക്കല്‍ ഡെന്നീസ് ജോസഫിന്റെ വീട്ടില്‍ ചെന്നു. കണ്ടപാടെ ഡെന്നീസ് ജോസഫ് പറഞ്ഞു. അടുത്തയാഴ്ച വരൂ എന്ന്. അതുകേട്ട് റഫീഖ് മടങ്ങിപ്പോയി. വീണ്ടും അടുത്തയാഴ്ച ഡെന്നീസ് ജോസഫിന്റെ വീട്ടില്‍ ചെന്നു. റഫീഖിനെ കണ്ടപാടെ വീണ്ടും അദ്ദേഹം ‘അടുത്തയാഴ്ച വരൂ’ എന്നു പറഞ്ഞു. അടുത്തയാഴ്ച ചെന്നപ്പോള്‍ ഡെന്നീസ് ജോസഫ് റഫീഖിനോട് ദേഷ്യപ്പെട്ടു. ‘ നിങ്ങളിങ്ങനെ ഒരാളെ ശല്യപ്പെടുത്തുന്നതു ശരിയാണോ?. പടം ഉടനേയൊന്നും തുടങ്ങുന്നില്ല. പടം തുടങ്ങട്ടെ എന്നു പറഞ്ഞില്ലെ’ എന്നു റഫീഖിനോട് കയര്‍ത്തു.
‘സാര്‍ എന്താണ് ഉദ്ദേശിക്കുന്നത്’ എന്ന് റഫീഖ്. ‘താന്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചുവന്നതല്ലെ’ എന്നു ഡെന്നീസ് ജോസഫ്.
‘അല്ല’. ഞാനൊരു കഥ പറയാനായി വന്നതാണ്’ എന്നു റഫീഖ് പറഞ്ഞതോടെ ഇതുകേട്ട ഡെന്നീസ് ജോസഫിന് ചിരിയാണു വന്നത്്. ‘ ഇതു താന്‍ നേരത്തെ പറയേണ്ട എന്നു പറഞ്ഞ് ഡെന്നീസ് ജോസഫ് ചിരിച്ചു.
‘ഞാന്‍ നേരത്തെ പറഞ്ഞപ്പോള്‍ സാര്‍ അടുത്തയാഴ്ച വരാനാണു പറഞ്ഞത്.’ എന്നു റഫീഖ് പറഞ്ഞു.
‘എങ്കില്‍ വൈകുന്നേരം ഒരു ആറുമണിക്കുവരൂ’ എന്നായി ഡെന്നീസ് ജോസഫ്. വൈകുന്നേരം ഡെന്നീസ് ജോസഫിനെ കണ്ട റഫീഖ് ‘ആയാറാം ഗയാറാം’ എന്ന സിനിമയുടെ കഥ പറഞ്ഞു. കഥ ഡെന്നീസ് ജോസഫിന് ഇഷ്ടപ്പെട്ടു. എന്നാല്‍ അദ്ദേഹം മറ്റൊരു സിനിമയെടുക്കുന്ന തെരക്കിലായിരുന്നു. എസ്.എന്‍. സ്വാമി ആ സമയത്ത് കഥ അനേഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെപോയി കാണാന്‍ ഡെന്നീസ് ജോസഫ് നിര്‍ദേശിച്ചു. എന്നാല്‍ കഥ പറഞ്ഞാല്‍ കഥ മോഷണം പോകുമോ എന്ന ഭയം റഫീഖിനുണ്ടായിരുന്നു. എന്നാല്‍ അതൊന്നുമില്ല, ഞാനേറ്റു-എന്ന് ഡെന്നീസ് ജോസഫ് പറഞ്ഞു. തുടര്‍ന്ന് എസ്.എന്‍. സ്വാമിയെ കാണുകയും ആയാറാം ഗയാറം എന്ന സിനിമ ഇറങ്ങുകയും ചെയ്തു.
പിന്നീട് ഡെന്നീസ് ജോസഫുമായി അടുത്ത ബന്ധമായി. പിന്നെ സിനിമയ്ക്കായി ജോലി ഉപേക്ഷിച്ചു. പിന്നീട് മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകനായി. അതോടെ ഇഷ്ടപ്പെടാത്ത സിനിമയും ചെയ്യേണ്ട അവസ്ഥയുണ്ടായി.
സുധീഷ് നായകനായ ‘ഈ മഴ തേന്‍മഴ’ എന്ന സിനിമ ഇത്തരമൊരു സന്ദര്‍ഭത്തില്‍ ചെയ്തതാണ്. തിലകന്‍, ശ്രീവിദ്യ, ജോണ്‍സണ്‍ മാഷ്, ഹരിദാസ് എന്നിവരൊക്കെ ഭയങ്കരമായി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ എഴുതിപ്പോയതാണ്. ലൊക്കേഷനിലിരുന്നാണ് തിരക്കഥ എഴുതിയത്. അതുപോലെ എഴുതിയതാണ് നിസാര്‍ സംവിധാനം ചെയ്ത ‘അച്ഛന്‍ രാജാവ്, അപ്പന്‍ ജേതാവ്’. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലിരുന്നായിരുന്നു തിരക്കഥാ രചന. 16 ദിവസം ഉറക്കമില്ലാതെ തിരക്കഥയെഴുതി. സിനിമ പൂര്‍ത്തിയായപ്പോഴേക്കും റഫീഖ് ആശുപത്രിയിലായി. എന്തായാലും പടം ഹിറ്റായി. ഇന്ന് അതുപോലെ സിനിമയെടുക്കാന്‍ കഴിയില്ല. സിനിമയുടെ ത്രെഡ്് ഒക്കെ മോഷണം പോയിട്ടുണ്ട്. അതൊക്കെ സിനിമയില്‍ സാധാരണമാണ്. അതുകൊണ്ട് കഥ പറയുമ്പോള്‍ ഒരു ഭയമുണ്ടാകും.