ചങ്ങനാശേരി സ്വദേശി ബിജു രാഘവന്റെ ജീവിതം ആരെയും അമ്പരിപ്പിക്കുന്നതാണ്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായി. സഹോദരിയും ഭർത്താവുമാണ് പിന്നെ വളർത്തിയത്. നല്ല വിദ്യാഭ്യാസം നേടിയെങ്കിലും മെച്ചപ്പെട്ട ജോലിയൊന്നും ലഭിച്ചില്ല. രണ്ട് സഹോദരിമാരെ ഇനിയും വിവാഹം കഴിപ്പിക്കാനുണ്ട്. ബിജു കല്ല്യാണം കഴിച്ചതാകട്ടെ സംസാരശേഷിയില്ലാത്ത യുവതിയെയാണ്.
പേക്ഷ ഇതൊന്നുമല്ല ബിജുവിന്റെ പ്രത്യേകത. അത് ബിജുവിന്റെ സ്വരമാണ്. മൾപ്പിട്ടിൾ വോയിസിൽ പാടുന്ന ചുരുക്കം പേരിലൊരാളാണ് ഈ ഗായകൻ. എസ് ജാനകി, ചിത്ര എന്നിവരുടെ ശബ്ദത്തിലൊക്കെ ബിജു പാട്ടുപാടി അത്ഭുതപ്പെടുത്തും.
സോഷ്യൽമീഡിയയിൽ പാട്ട് ഹിറ്റായതോടെ ബിജുവിന്റെ ജീവിതം മാറി. വീടില്ലാത്തതും ദാരിദ്ര്യാവസ്ഥയുമൊക്കെ ലോകമറിഞ്ഞു.
അങ്ങനെ ലഭിച്ച തുക കൊണ്ടാണ് വീട് പണിഞ്ഞത്. ഇനിയും നിരവധി പ്രശ്നങ്ങൾ ഉണ്ട്. ടെലിവിഷൻ ചാനലിലെ കോമഡിഷോയിൽ പങ്കെടുത്ത ശേഷം സ്റ്റേജ് പരിപാടികൾ ചെയ്താണ് ഇപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
ഭാര്യക്ക് കേൾക്കാനും കഴിയില്ലെങ്കിലും ചുണ്ടനക്കത്തിലൂടെ ബിജുവിന്റെ ഗാനം മനസിലാക്കാനാകും. തയ്യൽജോലി ചെയ്യുകയാണ് ഇവർ.
സുഹൃത്തിന് കിഡ്നി രോഗം ബാധിച്ചപ്പോഴാണ് ബിജു തന്റെ കിഡ്നി ദാനം ചെയ്തത്. മനുഷ്യസ്നേഹത്തിന് തന്നെ മാതൃകയാണ് ഈ യുവാവ്. തന്റെ കഷ്ടതകളെല്ലാം ഒരിക്കൽ മാറുമെന്ന പ്രതീക്ഷയിൽ ശ്രുതിമധുരമായി ഗാനം മൂളി ബിജു കാത്തിരിക്കുന്നു.