വിനോദ് എന്ന ഈ യുവാവിന്റെ ജീവിതം കണ്ടാൽ ആരും അമ്പരന്നു പോകും. അയാൾ കാട്ടിൽ ഏതാണ്ട് ഒളിച്ചു താമസിക്കുകയാണ്. വൈകിട്ട് ആളൊഴിഞ്ഞ സമയം നോക്കിയാണ് കടയിലെത്തി വല്ലതും കഴിക്കുക. എന്താണ് വിനോദിന്റെ ഈ ഒളിവ് ജീവിതത്തിന് കാരണം എന്നല്ലേ? വിനോദ് വിശ്വസിക്കുന്നത് തന്നെ ആരൊക്കെയോ പിന്തുടരുന്നു എന്നാണ്. തൻറെ മനസ്സ് അവർ നിയന്ത്രിക്കുകയാണ്. സാറ്റലൈറ്റ് അടക്കമുള്ളവയുടെ സഹായത്തോടെയാണ് ഇത്. മൈൻഡ് റീഡിങ്, സൈക്കോടോക്സിക് തുടങ്ങി പല വാക്കുകളും വിനോദ് പറയുന്നു.
ഒരു റീല് കണ്ടാൽ പിന്നെ വിനോദ് കടയിലെത്തുമ്പോഴും മറ്റും അതിലുള്ളവരെ പോലെ ഉള്ള ആളുകളെ അവിടെ കാണാം. മനസ്സിൽ കാണുന്ന ഒരു രൂപം ചിലപ്പോൾ പെട്ടെന്ന് മുമ്പിൽ വരും. ചിലപ്പോഴൊക്കെ വണ്ടികൾ ഇടിക്കാൻ വരും. ബൈക്കുകൾ വട്ടം വയ്ക്കും. തന്നെ തട്ടിക്കൊണ്ടുപോയി തന്റെ തലച്ചോർ എടുക്കുകയാണ് ലക്ഷ്യം എന്നാണ് ഈ യുവാവ് വിശ്വസിക്കുന്നത്. വിനോദിന്റെ സംസാരം കേൾക്കുന്നവരെല്ലാം അയാളെ ഉപദേശിക്കുന്നത് നല്ലൊരു മനോരോഗ വിദഗ്ധനെ കാണാനാണ്. പക്ഷേ തനിക്ക് മാനസിക പ്രശ്നമില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഇയാൾ. ഇത്തരം വിചിത്ര ചിന്താഗതികളുമായി നടക്കുന്നവർക്ക് ചികിത്സ തന്നെയാണ് വേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ എന്തു പറഞ്ഞാണ് ഇവരെ വിശ്വസിപ്പിക്കുക. അവരുടെ ലോകത്ത് അവരുടേതായ ഭാവനകളും ആയി കഴിയുന്ന ഇത്തരം വിചിത്ര ജന്മങ്ങൾ നമ്മുടെ ഇടയിൽ ധാരാളമുണ്ട്.